ഗ്രീസിൽ കനത്ത മഴ; റോഡുകൾ പുഴകളായി, വാഹനങ്ങൾ ഒലിച്ചുപോയി
ഗ്രീസിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളായ പാറോസ്, മൈക്കോണോസ് ദ്വീപുകളിൽ കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ചു. അതിശക്തമായ മഴയെ തുടർന്ന് റോഡുകൾ കുത്തിയൊഴുകുന്ന പുഴകളായി മാറി. നിരവധി വാഹനങ്ങൾ ഒലിച്ചുപോവുകയും തെരുവുകൾ ചെളിവെള്ളത്തിൽ മുങ്ങുകയും ചെയ്തു. പാറോസിലെ പ്രധാന റോഡുകളിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയും ആലിപ്പഴ വർഷവും ജനജീവിതം ദുരിതത്തിലാക്കി. വീടുകളിൽ തന്നെ കഴിയാൻ അധികൃതർ ജനങ്ങൾക്ക് നിർദ്ദേശം നൽകി. സ്കൂളുകൾക്ക് അവധി നൽകുകയും ഒറ്റപ്പെട്ടുപോയ വാഹനങ്ങളിൽ കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ഹെല്ലനിക് മെറ്റീരിയോളജിക്കൽ സർവീസ് അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അയോണിയൻ ദ്വീപുകൾ, പ്രധാന കര പ്രദേശങ്ങൾ, മാസിഡോണിയ, ത്രേസ്, ഏജിയൻ കടൽ, അറ്റിക്ക, സ്പോറാഡെസ്, തെസ്സാലി, ഡോഡെകാനീസ്, ക്രീറ്റ് എന്നിവിടങ്ങളിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ നദികളുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
മഴയെ തുടർന്ന് മൈക്കോണോസിലെ പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. റോഡുകളിൽ മരങ്ങൾ കടപുഴകിവീണ് ഗതാഗത തടസ്സങ്ങൾ ഉണ്ടായി. വിനോദസഞ്ചാരികൾ ഉൾപ്പെടെ നിരവധി പേർ ഒറ്റപ്പെട്ടുപോയി. ഗ്രീസിലെ ഈ പ്രകൃതി ദുരന്തം, കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ വർദ്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
